എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. പിറവം നഗരസഭയുടെ വിസ്തീര്‍ണ്ണം 29.36 ചതുരശ്ര കിലോ മീറ്ററാണ്. വടക്ക് ഭാഗത്ത് മണീട്, രാമമംഗലം ഗ്രാമപഞ്ചായത്തുകളുമായും കിഴക്ക് ഭാഗത്ത് പാമ്പാക്കുട, ഇലഞ്ഞി ഗ്രാമപഞ്ചായത്തുകളുമായും തെക്ക് ഭാഗത്ത് മുളക്കുളം, വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകളുമായും പടിഞ്ഞാറ് ഭാഗത്ത് എടയ്ക്കാട്ടുവയല്‍, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളുമായമാണ് പിറവം നഗരസഭ അതിര്‍ത്തി പങ്കിടുന്നത്. 1964 ല്‍ ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട പിറവം 1990 മുതല്‍ 1993 വരെ നഗരസഭയായി ഉയര്‍ത്തിയെങ്കിലും 1994 വീണ്ടും ഗ്രാമപഞ്ചായത്തായി തരംതാഴ്ത്തിയിരുന്നു. പിന്നീട് 2015 നവംബര്‍ ഒന്നിന് നഗരസഭയായി ഉയര്‍ത്തപ്പെട്ടു. ചരിത്രം ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കുംകൂര് രാജ്യത്തിന്‍റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്‍റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തികൂടിയായ പിറവം തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്ക്കാരിക കേന്ദ്രവുമായിരുന്നു. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരിയുടെ ബാക്കി പത്രം ഭൂതകാലത്തിന്‍റെ ഓര്‍മ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്‍മാരും അവര്‍ കളരിപ്പയറ്റുപടിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്‍റെ പ്രൌഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാര്‍കൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളര്‍ച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതനകാലം മുതല്‍ തന്നെ ജ്യോതിഷത്തില് പ്രസിദ്ധമായ പാഴൂര്‍ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. ഇവിടെ ബുധശുക്രന്മാരുടെ നിത്യസാന്നിദ്ധ്യം ഉള്ളതായും പറയപ്പെടുന്നു. രാജാക്കന്‍മാരുടെ പള്ളി എന്നറിയപ്പെടുന്ന “പിറവം വലിയപള്ളി ” ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. പിറവത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ പാഴൂര്‍ , കളമ്പൂര്‍, ഓണക്കൂര്‍, കാരൂര്‍ തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാല്‍ ചുറ്റപ്പെട്ട പുരം അഥവാ പട്ടണമാണ് പിന്നീട് പിറവമായതെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിന്‍റെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്ന ഐതഹ്യവും നിലവിലുണ്ട്.
- 789 views