ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും
ജനപദങ്ങളുടെ ചരിത്രം നദീതടങ്ങളിൽ ആരംഭിക്കുന്നു. പിറവം വ്യത്യസ്തമല്ല മുവാറ്റുപുഴ ആറിന്റെ തീരത്ത് പിറവം ഗ്രാമ രൂപം കൊള്ളുകയായി. സഹസ്രാബ്ദങ്ങൾക്കും അപ്പുറത്ത് ദ്രാവിഡ അധിനിവേശത്തിന് മുമ്പ്, നാഗക്കാവുകളും ശാസ്താംതറകളും, ശ്രീ ഇളംകുളം വിലയിരുത്തുന്നതുപോലെ ബുദ്ധജൈനമത പ്രഭാവത്തിന്റെ അവശിഷ്ടങ്ങളായി കണക്കാക്കാമെങ്കിൽ ക്രിസ്തു വർഷാരംഭത്തിനും മുമ്പ് ഇവിടം സംസ്കാര സമ്പന്നമായിരുന്നു. ശൈവാരാധനയ്ക്ക് ലഭിച്ച പ്രാമുഖ്യം ദ്രാവിഡ സംസ്കാരത്തെ സൂചിപ്പിക്കുന്നു. സ്ഥല നാമത്തിന്റെ പ്രാക്തന രൂപം തേടുന്നവർ സംഘകാലത്തിലേക്ക് കണ്ണോടിക്കേണ്ടി വരും 2-ാം ചേര സാമ്രാജ്യം ശിഥിലമായപ്പോൾ ഈ പ്രദേശത്ത് ആധിപത്യം പുലർത്തിയ വടക്കുംകൂറിന്റെ ശാഖയായ ഇടത്തിൽ പ്രഭുക്കന്മാർ ഇവിടെ നാടുവാഴികളായിരുന്ന കളരി ഗുരുക്കൻമാരും സ്ഥാനികളും കാര്യവിജാരിപ്പുകാരായിരുന്ന കഥകൾ പഴമക്കാരുടെ വാമൊഴികളിൽ ഉൾപ്പെടുന്നു.
പാഴൂർ പെരുംതൃക്കോവിൽ, പിറവത്ത് രാജാക്കന്മാരുടെ പള്ളി, ഐതിഹ്യ പ്രസിദ്ധമായ പാഴൂർ പടിപ്പുര, കളമ്പൂക്കാവ് തുടങ്ങിയവ ആയിരത്തിലേറെ വർഷത്തേ പഴക്കം കൽപ്പിക്കുന്നവയാണ്. ശ്രീ. ശങ്കരാചാര്യർ ഉപനയനം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന മേൽ പാഴൂർ മനയും നമ്മുടെ സാംസ്കാരിക പൈതൃകത്തിന് നിദർശനമാണ്. അറബികടലിലേക്ക് കുതിച്ചെത്തുന്ന മുവ്വാറ്റുപുഴ ആറ് പാഴൂർ പെരുംതൃക്കോവിലിന് മുന്നിലെത്തി ഗതിമാറി പിറവം വലിയപള്ളി വരെ കിഴക്കോട്ട് ഒഴുകി വീണ്ടും അറബികടൽ ലക്ഷ്യമാക്കി ഒഴുകുന്ന അത്ഭുത പ്രതിഭാസവും ഇവിടെയാണ്. ഒരേ വളപ്പിൽ ക്രിസ്ത്യൻ ദേവാലയവും, ദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന മത സൗഹാർദ്ദത്തിന്റെയും നാടാണ് പിറവം.
കേരളത്തിന് വിദേശനാണ്യം നേടി തരുന്ന നാണ്യ വിളകളുടെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു പിറവം. കേവു വള്ളങ്ങൾ ക്രമം കാത്ത് കിടക്കുന്ന കടത്ത് കടവ് മുതൽ ന്യൂബസാർ വരെ നീണ്ടു കിടക്കുന്ന കാള വണ്ടികൾ വിദേശ വ്യപാരത്തിനായി മലയോരങ്ങളിൽ നിന്നും സംഭരിക്കുന്ന ഏലം, ചുക്ക്, കുരുമുളക്, മഞ്ഞൾ, തുടങ്ങി ഒട്ടനവധി നാണ്യവിളകൾ എത്തിച്ചിരുന്നു. കിഴക്കിന്റെ വെനീസായിരുന്ന ആലപ്പുഴ, അറബികടലിന്റെ റാണിയായ കൊച്ചി എന്നീ തുറമുഖങ്ങളിലേക്ക് ചരക്കുകൾ എത്തിച്ചിരുന്നത് പിറവം വഴിയായിരുന്നു. കരമാർഗ്ഗമുള്ള ഗതാഗതം മെച്ചപ്പെട്ടപ്പോൾ കാളവണ്ടികളും കേവ് വള്ളങ്ങളും അപ്രത്യക്ഷമായി, പിറവത്തിന് ലഭിച്ച വാണിജ്യ പ്രാമുഖ്യവും.
അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ വിശാല തിരുവിതാംകൂർ സ്ഥാപിച്ചപ്പോൾ പിറവം ഒരു അതിർത്തി നഗരമായി. ചുങ്കം പിരിക്കാനുള്ള ചൗക്കയും അത് നിയന്ത്രിക്കുന്ന എക്സൈസ് കമ്മീഷണർ ആഫീസും പിറവത്ത് സ്ഥിതി ചെയ്തിരുന്നു. ഇന്നത്തെ താലൂക്കിന് തുല്ല്യമായ മണ്ഡപത്തിൻ വാതിലും ഇവിടെ ഉണ്ടായിരുന്നു. ഇന്നത്തെ ഐ.ബി. സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മുസാവരി ബംഗ്ലാവ് ഉണ്ടായിരുന്നു എന്നത് അക്കാലത്ത് പിറവത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
കേരള സംസ്ഥാനം രൂപീകരിച്ചതിനെ തുടർന്ന് 1958 ഏപ്രിൽ 1 ന് എറണാകുളം ജില്ല രൂപീകരിച്ചപ്പോൾ പിറവവും അതിൽ ഉൾപ്പെടുത്തി, മുളക്കുളം വടക്കേക്കരയും കളമ്പൂരും ചേർത്ത് പിറവം ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത് 1964 ലാണ്. കൊച്ചിയുടെ
ഉപനഗരമായി വികസിച്ചു വരുന്ന പിറവം 01-11-2015 ൽ നഗരസഭയായി മാറി.
പഴൂർ പെരുംതൃക്കോവിൽ പിറവത്തിനടുത്തുള്ള ഒരു പ്രസിദ്ധമായ ശിവക്ഷേത്രമാണ്. ഇത് എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, വൈക്കം ക്ഷേത്രത്തിൻ്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്
പിറവം വലിയപള്ളി എന്നറിയപ്പെടുന്ന രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. ‘രാജാക്കന്മാരുടെ പള്ളി’ എന്നും ഈ ദേവാലയം അറിയപ്പെടാറുണ്ട്.[1] മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും നാമാന്തരങ്ങൾ ഉണ്ട്. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു. യെരുശലേമിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി പിൽക്കാലത്ത് കന്യക മറിയത്തിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും ‘രാജാക്കന്മാരുടെ പള്ളി’ എന്ന വിശേഷണം നിലനിന്നു.
പിറവം, എറണാകുളം ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ്. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പിറവം വള്ളംകളി. ഓണക്കാലത്ത്, പ്രത്യേകിച്ച് ഉത്രാടം നാളിൽ, ഈ വള്ളംകളി നടക്കുന്നു. പിറവം, മൂവാറ്റുപുഴയാറിൻ്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ വള്ളംകളിക്ക് പറ്റിയ ഒരിടം കൂടിയാണ് ഇത്.